ബെംഗളൂരു : ബൈക്ക് റോഡിലെ മീഡിയനിൽ ഇടിച്ചുമറിഞ്ഞ് മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം അലക്സ് നഗർ കാഞ്ഞിരക്കാട്ട് സിബി-റെനി ദമ്പതിമാരുടെ മകൻ അതുൽ സിബി (22), എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളി എരുമേലിൽ ഗിരീഷ് കുമാർ- സിൽജ ദമ്പതിമാരുടെ മകൻ ഗൗരീശങ്കർ ഗിരീഷ് (22) എന്നിവരാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കെങ്കേരിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
കെങ്കേരി ബി.ജെ.എസ്. കോളേജിൽ നാലാംവർഷ ബി.എസ്‌സി. നഴ്‌സിങ് വിദ്യാർഥികളായ ഇരുവരും ബിദാദിയിൽനിന്ന് കെങ്കേരിയിലേക്ക് ബൈക്കിൽ വരുകയായിരുന്നു. ഗൗരീശങ്കറാണ് ബൈക്കോടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അങ്കിതയാണ് അതുലിന്റെ സഹോദരി. അതുലിന്റെ സംസ്കാരം ഞായറാഴ്ച 4.30-ന് അലക്സ്നഗർ സെയ്ൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഗൗരീശങ്കറിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പെരുമ്പിള്ളിയിലെ വീട്ടിലെത്തിക്കും. സഹോദരൻ: ഹരിശങ്കർ (ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂൾ വിദ്യാർഥി). സംസ്കാരം പിന്നീട്.







