എടപ്പാൾ കണ്ടനകം ഭാഗത്തെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍.നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ് എന്നറിയപ്പെടുന്ന മനീഷ് (46)നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പത്താം തീയതി രാത്രിയാണ് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോള്‍ അണ്ണംക്കംമ്പാട് വീട്ടില്‍ കവര്‍ച്ച നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസിയുമാണ് മോഷണം പോയത്.ഊന്നുകൽ, വാഴക്കുളം,മൂവാറ്റുപുഴ,തൊടുപുഴ,അങ്കമാലി, ചാലക്കുടി, ഇടത്തല തുടങ്ങിയ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഇരുപതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പൊന്നാനി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം.വി. ജിഷ്ണു, എസ്.ഐ. മഹേഷ് കുമാർ, ജത്തിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരിപ്രസാദ് എന്നിവരും തിരൂർ ഡാന്‍സാഫ് ടീമിലെ എ.എസ്.ഐ.ജയപ്രകാശ്, സി.പി.ഒ. ശ്രീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മോഷണം പോയ സ്വർണാഭരണങ്ങളും മറ്റ് മുതലുകളും കണ്ടെടുക്കുന്നതിനും ഇയാൾ നടത്തിയിട്ടുള്ള മറ്റ് മോഷണക്കേസുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനുമുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു









