എരമംഗലം:മാറഞ്ചേരി മൈത്രി വായനശാല പ്രവർത്തകർ നിർമിച്ച മീസാൻ ഷോർട്ട് ഫിലിമിന് പുരസ്‌കാരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനായി രമേശ് അമ്പാരത്തിനെ തിരഞ്ഞെടുത്തു. മീസാൻ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധാന മികവ് പരിഗണിച്ചാണ് പുരസ്‌കാരം. മൂന്നു പതിറ്റാണ്ടുകാലമായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന രമേശ് അമ്പാരത്ത് വന്നേരിനാട് പ്രസ് ഫോറം പ്രസിഡന്റാണ്. കേരളാ വിഷൻ ചാനൽ വാർത്ത അവതാരകാനായിരുന്നു. നിലവിൽ സുപ്രഭാതം ദിനപത്രം മാറഞ്ചേരി ലേഖകനും പ്രാദേശിക ചാനലായ ചിത്രാവിഷൻ വർത്താ അവതാരകാനാണ്. ‘മീസാൻ’ നിലെ അഭിനയത്തിന് സലാം മലയംകുളത്തേലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. പ്രശസ്ത സംവിധായകർ ബാലു കിരിയത്ത്, തുളസിദാസ് തുടങ്ങിയവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകനും എഴുത്തുകാരനുമായ റഫീഖ് പട്ടേരിയാണ് മീസാൻ ഷോർട്ട് ഫിലിമിന്റെ രചന. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം എ.കെ.ജി. ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം വിതരണം ചെയ്യും.







