പാലക്കാട് നെന്മാറയിൽ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സുധാകരന്റെ മകൾ അഖിലയ്ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി.
കൊലപാതകം നടന്ന ശേഷം സർക്കാർ മക്കൾക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പ്രാഥമിക നടപടികൾ പോലും ഇന്നും ആരംഭിച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
2025 ജനുവരി 27 നായിരുന്നു പ്രതി ചെന്താമര അയൽക്കാരായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. എന്നാൽ ഇന്നും ആ നടുക്കത്തിൽ നിന്നു മാറാതെ ഭയന്നു കഴിയുകയാണ് സുധാകരന്റെ മക്കളും കുടുംബവും. നിലവില്‍ ഇയാള്‍ ജയിലില്‍ തുടരുകയാണ്.
കേസിൻ്റെ 60 ആം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉള്ളത്. 30 ലേറെ ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ലക്ഷ്‌മിയെ വെട്ടിക്കൊല്ലുന്നത് കണ്ട ദൃക്ഷസാക്ഷിയുടെ മൊഴിയും നിർണായകമാണ്. വിചാരണ നടപടികൾ അടുത്തമാസം 25 ന് ആരംഭിക്കും.







