കെ എസ്ആർടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. 2026 ജനുവരി 12-ന് 11.71 കോടി രൂപയാണ് ആകെ കളക്ഷനായി ലഭിച്ചത്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 10.89 കോടി രൂപയാണ്. 2026 ജനുവരി 5-ന് നേടിയ 13.01 കോടി രൂപയാണ് കെഎസ്ആർടിസിയുടെ എക്കാലത്തെയും ഉയർന്ന പ്രതിദിന വരുമാനം.കേവലം പ്രത്യേക ദിവസങ്ങളിലെ വർദ്ധനവ് എന്നതിലുപരി, കൃത്യമായ ആസൂത്രണത്തിലൂടെയുള്ള സ്ഥിരതയാർന്ന വളർച്ചയാണ് കെഎസ്ആർടിസി കാഴ്ചവയ്ക്കുന്നത്. 2025 ജനുവരിയിൽ 7.53 കോടി രൂപയായിരുന്ന ശരാശരി പ്രതിദിന വരുമാനം 2026 ജനുവരിയിൽ 8.86 കോടി രൂപയായി ഉയർന്നത് ഈ മുന്നേറ്റത്തിന് തെളിവാണ്.യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും പുതിയ ബസുകൾ നിരത്തിലിറക്കിയതും കെഎസ്ആർടിസിയിലേക്ക് യാത്രക്കാരെ തിരികെയെത്തിക്കാൻ സഹായിച്ചു. 2024-ൽ പ്രതിദിനം ശരാശരി 19.84 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 20.27 ലക്ഷമായി വർദ്ധിച്ചു. പ്രതിദിനം ശരാശരി 43,000 യാത്രക്കാരുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പിന്തുണയും കെഎസ്ആർടിസി സിഎംഡി, മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ. കാലോചിതമായ പരിഷ്കാരങ്ങൾ ഏറ്റെടുത്ത ജീവനക്കാരെയും വിശ്വാസമർപ്പിച്ച യാത്രക്കാരെയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ഫേസ്ബുക് പോസ്റ്റിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.











