അങ്കമാലി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ ആ നോവിനിടയിലും നാല് പേർക്ക് പുതുജീവനേകിയാണ് പത്തൊമ്പതുകാരിയായ ജസ്‌ലിയ ജോൺസൺ വിടവാങ്ങുന്നത്. എടവനക്കാട് സ്വദേശിയായ ജസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം സ്‌പോർട്‌സിലും മികവ് പുലർത്തിയ ജസ്‌ലിയ പാർട്ട്‌ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വിൽപ്പന ശാലയിലായിരുന്നു ജസ്‌ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാൽ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.പഠനത്തോടൊപ്പം സ്‌പോർട്‌സിലും ജസ്‌ലിയ തിളങ്ങി. യൂണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. കോളേജിലെ യോഗ, വടംവലി, ഖൊ-ഖൊ ടീമുകളിൽ അംഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ എം ജി യൂണിവേഴ്‌സിറ്റി യോഗ ടീമിലും ഇടംനേടി. യോഗയിൽ കോളേജ് രണ്ടാം സ്ഥാനം നേടിയപ്പോൾ ജസ്‌ലിയ അതിൽ പ്രധാനപങ്ക് വഹിച്ചു. ഖൊ-ഖൊയിലും കോളേജ് രണ്ടാം സ്ഥാനത്തെത്തുന്നതിന് ജസ്‌ലിയയുടെ മികവ് കരുത്തായി.ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് ജസ്‌ലിയ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇന്നലെ പുലർച്ചെ 6.38ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരൾ രാജഗിരി ആശുപത്രിയിലേക്കുമാണ് നൽകുന്നത്.അതേസമയം അങ്കമാലിയിൽ ജസ്‌ലിയയെ ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തുറവൂരിൽ നിന്ന് കാർ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ തുറവൂരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനം ഓടിച്ച ഡോ. സിറിയക്കിനെ പിടികൂടാനായിട്ടില്ല.








