അമരാവതി / ചെന്നൈ ∙ ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് സാരമായും ബാധിക്കുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 28ലെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കാനാണ് നിർദേശം. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.










