പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ഇല്ലാതാക്കുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. തകഴി, പുന്നപ്ര സൗത്ത്, കാര്‍ത്തികപള്ളി, കരുവാറ്റ, നെടുമുടി, പുറക്കാട്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള ദ്രുതകര്‍മ സേന സജ്ജമായി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ കോഴികള്‍ക്കും താറാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് കാടയ്ക്കും കോഴിക്കുമാണ് പക്ഷിപ്പനി. ക്രിസ്മസ് സീസണില്‍ താറാവുകള്‍ ഒന്നാകെ ചത്ത് തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുള്ളതിനാല്‍ രോഗബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കേരളത്തിൽ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ‘ഫീൽഡ് തലത്തിൽ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം ലഭിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.’ വീണാ ജോർജ് വ്യക്തമാക്കി.






