ലയണല്‍ മെസിയുടെ സഹോദരി മരിയ സോള്‍ മെസി(32)ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മിയാമിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജനുവരി ആദ്യം നടക്കാനിരുന്ന മരിയ സോളിന്‍റെ വിവാഹം മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മരിയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഇവരുടെ
നട്ടെല്ലിന് ഒടിവുണ്ട്. മരിയ സോള്‍ അപകടനില തരണം ചെയ്തെന്നും ദീര്‍ഘകാല പരിചരണം ആവശ്യമാണെന്നും മെസ്സിയുടെ അമ്മ സീലിയ കുസിറ്റിനി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി മൂന്നിന് റൊസാരിയോയിൽ വെച്ചായിരുന്നു മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇന്റർ മിയാമിയുടെ അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിൻ തുലിയാണ് മരിയ സോളിന്റെ പ്രതിശ്രുത വരൻ. ഡിസൈനറും സംരംഭകയുമാണ് മരിയ.







