പാലക്കാട്: പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പ്രതിചേർത്തു.
കഴിഞ്ഞ ദിവസം മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ വെച്ച് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സർക്കാർപതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചായിരുന്നു സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. കണ്ണയ്യൻ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും ഉദയൻ എന്നയാളെയും കേസിൽ പ്രതിചേർത്തത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത് ഹരിദാസും ഉദയനും ചേർന്നാണ് എന്നാണ് കണ്ണയ്യൻ മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഇവർക്കായി മീനാക്ഷിപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കേസിൽ പ്രതിയായ ഹരിദാസിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച കമ്മിറ്റി ചേരുമെന്നും, ഹരിദാസിനെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും പാർട്ടി കേന്ദ്രങ്ങൾ സൂചന നൽകുന്നു.









