മലപ്പുറം: മഴക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുമായി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല നടത്തിയത്.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു.
മഴക്കാലത്ത് പടരുന്ന രോഗങ്ങളെ ചെറുക്കാന്‍ പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പരിസര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ മാര്‍ഗങ്ങള്‍, ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. തദ്ദേശ സ്ഥാപന പ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ശില്‍പശാലയില്‍ പങ്കെടുത്തു.








