ചങ്ങരംകുളം:വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.വാഴക്കാട് സ്വദേശി പിലാത്തോട്ടത്തില്‍ 35 വയസുള്ള മുഹമ്മദ് റിഷാദിനെ യാണ് അന്വേഷണ സംഘം പിടികൂടിയത്.വിവിധ കേസില്‍ കാപ്പ ചുമത്തി നാടു കടത്തിയ മുഹമ്മദ് റിഷാദ് കാപ്പ നിയമം ലംഘിച്ചാണ് ജില്ലയില്‍ എത്തി കവര്‍ച്ച നടത്തിയത്.ഒളിവില്‍ കഴിഞ്ഞ് വന്ന ഇയാളെ വാഴക്കാട് പോലീസാണ് പിടികൂടിയത്.വാഴക്കാട് പോലീസ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തുടര്‍ന്ന് കവര്‍ച്ച നടന്ന വളയംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കേസില്‍ രണ്ടാം പ്രതി മലപ്പുറം വാഴക്കാട് സ്വദേശി ഇന്ത്യാസ് അലി എന്ന 38 വയസുകാരനെ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.അസ്സബാഹ് കോളേജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച കവര്‍ച്ച നടന്നത്.അലമാരയില്‍ സൂക്ഷിച്ച അഞ്ച് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 30000 രൂപയും 150 ഒമാനി റിയാലുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.ബന്ധുവീട്ടില്‍ പോയി പുലര്‍ച്ചെ നാല് മണിയോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.മോഷ്ടാക്കള്‍ കൊണ്ട് വന്ന ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചാണ് സംഘം ഓടി രക്ഷപ്പെട്ടത്.പിന്നീട് ഒരു കിലോ മീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്തെ ഹാരിസ് എന്നയാളുടെ വീട്ടിലെത്തി ഇവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് സംഘം കടന്ന് കളഞ്ഞത്. മോഷണം പോയ ബൈക്കും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.സമാനമായ നിരവധി മോഷണ കേസുകളില്‍ ഉള്‍പെട്ടവരാണ് പ്രതികള്‍ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ മുഹമ്മദ് റിഷാദിനെ തെളിവെടുപ്പിന് ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും.ചങ്ങരംകുളം സിഐ ഷൈന്‍,എസ് ഐ സുധീര്‍,പോലീസുകാരനായ സുജിത്,ഹരിനാരായണൻ, മനോജ്, അജിത്, ശ്രീഷ് ,ശശികുമാർ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്..