പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങൾക്ക് നാടിൻ്റെ യാത്രാമൊഴി. ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും സംസ്കാരം അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടന്നു. അന്ത്യശുശ്രൂഷകൾക്ക് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി. താവളത്തെ അമ്മ വീട്ടിലെത്തിച്ചപ്പോൾ അമ്മൂമ്മയും ബന്ധുക്കളും വികാരാധീനരായാണ് പ്രതികരിച്ചത്.
രാവിലെ കുട്ടികൾ പഠിച്ച പൊൽപ്പുള്ളി കെവിഎംയുപി സ്കൂൾ, ചിറ്റൂർ ഹോളിഫാമിലി പള്ളി, അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി പാരിഷ്ഹാളിലും നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. ഗുരുതര പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് ഇരുവരും മരിച്ചത്. പക്ഷേ, തന്റെ മക്കൾക്ക് വിട നൽകാൻ അമ്മ എൽസിക്ക് എത്താനായില്ല. എൽസി അപകടനില തരണം ചെയ്യുകയാണെങ്കിൽ മക്കളെ കാണിക്കാനായി സംസ്കാരച്ചടങ്ങുകൾ രണ്ടുദിവസത്തേക്ക് നീട്ടിവെച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് എൽസി ചികിത്സയിൽ തുടരുകയാണ്.
ജൂലൈ 12ാം തീയതി വൈകിട്ട് മക്കളുമായി വീടിന് പുറത്തു പോകാന്‍ കാറിൽ കയറി എല്‍സി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.