എടപ്പാൾ : ആരോഗ്യ വകുപ്പ് കാലടി, മാങ്ങാട്ടൂർ, നരിപറമ്പ് പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ-ശുചീത്വ പരിശോധന നടത്തി. പഞ്ചായത്ത് ലൈസൻസ്, ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വേണ്ട ഹെൽത്ത് കാർഡ്, കുടിവെള്ളം പരിശോധന നടത്തിയ ലബോറട്ടറി റിസൾട്ട്, കടയിൽ വേണ്ട പുകയില രഹിത ബോർഡുകൾ, ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തും വിതരണം ചെയ്യുന്ന സ്ഥലത്തും വേണ്ട ശുചിത്വം, അതു കൈകാര്യം ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം, കടകളിലെ മാലിന്യ നിർമ്മാജനം എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു. ആർ. പി യാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാലു സ്ഥാപനത്തിനു പൊതു ജനാരോഗ്യ നിയമ പ്രകാരം ഉള്ള ആരോഗ്യ വകുപ്പിന്റെ നോട്ടീസ് നൽകി. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പരിശോധനകൾ ഊർജിതമാക്കുമെന്നും വ്യക്തമായരേഖകളും ശുചിത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും എതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്വപ്ന സത്യൻ, മേഖല,കൃഷ്ണവേണി പ്രവീൺ, ആരോഗ്യ പ്രവർത്തകനായ ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.