ആലപ്പുഴ: ധരിച്ചിരുന്ന നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് നാലരവയസുകാരനെ ചട്ടുകംകൊണ്ട് പൊളളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. അമ്മായിയമ്മയുടെ മൊഴിയെത്തുടർന്നായിരുന്നു അറസ്റ്റ്. പൊള്ളലേറ്റ കുട്ടിയെ അമ്മതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചൂടായ ചപ്പാത്തിക്കല്ലിൽ അബദ്ധത്തിൽ ഇരുന്നതാണ് പൊള്ളലേൽക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതരോട് കുഞ്ഞിന്റെ അമ്മ പറഞ്ഞത്. എന്നാൽ അമ്മ ഉപദ്രവിച്ചു എന്നുതന്നെയാണ് കുട്ടിയും മൊഴിനൽകിയിരിക്കുന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊളളലേറ്റത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലിചെയ്യുന്നത്. അമ്മയും അമ്മായിയമ്മയും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനാലാണോ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മൊഴിനൽകിയതെന്ന് സംശയമുണ്ട്. കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.