വാട്സ്ആപ്പില്‍ ‘വിവാഹക്ഷണക്കത്ത്’ അയച്ച് നടത്തുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. വിവാഹക്ഷണക്കത്ത് എന്ന വ്യാജേന എത്തുന്ന ചില ഫയലുകള്‍ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹിമാചല്‍പ്രദേശിലെ സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.വാട്‌സ്ആപ്പ് വഴി എപികെ ഫയലുകളായാണ് ഈ വിവാഹക്ഷണക്കത്തുകള്‍ എത്തുന്നത്. ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണില്‍ മാല്‍വെയറുകള്‍ പ്രവേശിക്കുകയും ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. ഈ വിവരങ്ങള്‍ സൈബര്‍കുറ്റവാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. പണം തട്ടാനും ഭീഷണിപ്പെടുത്താനും അവര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.’’ അപരിചിതമായ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന വിവാഹക്ഷണക്കത്തുകള്‍ ഒരു കാരണവശാലും തുറക്കരുത്. ഇത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ ഫയല്‍ തുറക്കാന്‍ പാടുള്ളു,’’ എന്ന് ഹിമാചല്‍പ്രദേശിലെ സൈബര്‍ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഡിഐജി മോഹിത് ചൗള പറഞ്ഞു. അജ്ഞാത നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന ഫയലുകള്‍, പ്രത്യേകിച്ച് എപികെ ഫയലുകള്‍ തുറക്കരുതെന്ന് ഹിമാചല്‍പ്രദേശ് പോലീസ് മുന്നറിയിപ്പും നല്‍കി.ഇന്ത്യയില്‍ സൈബര്‍സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 2000ല്‍ പ്രാബല്യത്തില്‍ വന്ന ഐടി ആക്ടിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഐടി ആക്ടിലെ സെക്ഷന്‍ 66-ഡി വഞ്ചന, ആള്‍മാറാട്ടം എന്നിവയ്‌ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നു. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.സൈബര്‍ തട്ടിപ്പിനിരയാകുന്നവര്‍ പ്രാദേശിക സൈബര്‍ സെല്ലിലോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലോ പരാതി നല്‍കണം. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയും പരാതിയോടൊപ്പം നല്‍കാവുന്നതാണ്.വിവാഹക്ഷണക്കത്ത് തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാം?1. അപരിചിതമായ ഫോണ്‍നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.2. ഇത്തരം മെസേജുകള്‍ അയച്ച വ്യക്തി ആരാണെന്ന് ആദ്യം സ്ഥിരീകരിക്കുക.3. അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള ഇന്‍സ്റ്റാളേഷന്‍ തടയുന്ന സെക്യൂരിറ്റി സെറ്റിംഗ്‌സ് പ്രവര്‍ത്തനക്ഷമമാക്കുക. ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.