തിരുവനതപുരം : സ്കൂള്‍ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ മെനു വീണ്ടും പരിഷ്കരിച്ചപ്പോള്‍ മുട്ടവിഭവങ്ങളേറെ. മുട്ട അവിയല്‍, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പർ എഗ് റോസ്റ്റ് എന്നിവയാണ് പട്ടികയില്‍. വിഭവങ്ങള്‍ കൂട്ടിയെങ്കിലും ഉച്ചഭക്ഷണത്തിന് സർക്കാർ നല്‍കുന്ന തുക കൂട്ടിയിട്ടില്ല. പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കാനാണ് സർക്കാർ മാർഗരേഖ. അതുനടപ്പാക്കി ഓണത്തിനുശേഷം സ്കൂളിലെ സ്ഥിതി വിലയിരുത്തി തുകയുടെ കാര്യം തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായവും ഉറപ്പാക്കാൻ മന്ത്രി എം.ബി. രാജേഷുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാസ്റ്റ് ഫുഡിനോടുള്ള ആസക്തി നിയന്ത്രിച്ച്, കുട്ടികളുടെ രുചി മുകുളങ്ങളെ ഉണർത്തി, പോഷകസമ്ബുഷ്ടമായ ഭക്ഷണത്തിനാണ് പുതിയ മെനു. പുതിയ മെനു നോട്ടീസ് ബോർഡില്‍ പരസ്യമാക്കണം. കുട്ടികളുടെ അഭിപ്രായം രേഖപ്പെടുത്താൻ സ്കൂളില്‍ രുചി രജിസ്റ്റർ സൂക്ഷിക്കണം. സ്കൂളുകള്‍ക്കയച്ച 20 ദിവസത്തെ സാംപിള്‍ മെനുവില്‍ വിശിഷ്ടവിഭവമായി വെജിറ്റബള്‍ മോളി ഇടംപിടിച്ചു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസ് വേണം. ചെറുധാന്യങ്ങള്‍ ആവിയില്‍ പുഴുങ്ങി നല്‍കണം. കേന്ദ്രനിർദേശം പാലിച്ച്, ശർക്കരയുടെ അളവ് ഗണ്യമായി കുറച്ചും പഞ്ചസാര നാമമാത്രമായി ചേർത്തും വിഭവങ്ങള്‍ തയ്യാറാക്കും. പുതിയ മെനു നടപ്പാക്കാൻ ഇപ്പോഴുള്ള ഉച്ചഭക്ഷണത്തുക പോരെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. എന്നാല്‍, നിലവിലുള്ള ഫണ്ടിന്റെ പരിധിയില്‍ നിന്നുതന്നെ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് മെനുവിലുള്ളതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.
ഇതാണ് വിഭവങ്ങള്‍
ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഭവം.
അതിനൊപ്പം വെജിറ്റബിള്‍ കറിയോ കുറുമയോ കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തുള്ള ചമ്മന്തി. പയറുവർഗങ്ങള്‍ക്കുപുറമേ, ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്ബ് തുടങ്ങിയവ ഉപയോഗിച്ചുള്ള നാടൻ വിഭവങ്ങള്‍.
സാമ്ബാർ, അവിയല്‍, പരിപ്പ് കറി, പൈനാപ്പിള്‍ പുളിശ്ശേരി, പനീർ, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്റൂട്ട്, വെള്ളരിക്ക തുടങ്ങിയവ തുടരും. പ്രത്യേക വിഭവങ്ങളായി റാഗി ബാള്‍സ്, റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിർത്തത്, റാഗിയോ മറ്റു ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ.