തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്. ജനുവരി 5 മുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണം എന്നാണ് ആവശ്യം.സ്ത്രീ ശാക്തീകരണവും നൂറ് തൊഴിൽ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പോരാട്ടം ആവർത്തിക്കും. പാർലമെന്‍റിന് പുറത്ത് പ്രതിഷേധം ശക്തമാക്കും. ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുകയാണ്. ഗാന്ധികുടുംബത്തെ അവർ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണം ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം പ്രധാനമന്തി നരേന്ദ്ര മോദിയുടെ ഓഫീസ് നേരിട്ട് തീരുമാനിച്ചതാണ്. വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, മന്ത്രിമാർക്കൊന്നും അറിയില്ല. വൺമാൻഷോ മാത്രമാണ്. നോട്ട് നിരോധനം പോലെയൊരു തീരുമാനം. ഇതിന്‍റെ നേട്ടം എല്ലാ അർത്ഥത്തിലും അദാനിക്ക് മാത്രമാണ്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താൻ പറഞ്ഞിട്ട് കേന്ദ്ര വിഹിതമായ പണം അദാനിക്ക് പല വിധത്തിൽ എത്തിച്ച് നൽകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.പുതിയ തൊഴിലുറപ്പ് നിയമംപുതിയ തൊഴിലുറപ്പ് നിയമത്തിൽ രാഷ്ട്രപതി കഴിഞ്ഞ ആഴ്ചയാണ് ഒപ്പുവച്ചത്. വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽവന്നു. പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു.നാടകീയ കാഴ്ചകൾക്കിടെയാണ് വിബി ജിറാംജി ബിൽ ലോക്സഭയും പാസാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷ എംപിമാർ ബില്ല് വലിച്ചു കീറി എറിയുകയും മഹാത്മ ഗാന്ധിയുടെ ചിത്രം ഉയർത്തി സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു. വൻ പ്രതിഷേധമാണ് മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റത്തിനുള്ള ബില്ലിനെതിരെ ലോക്സഭയിലും ഉയര്‍ന്നത്. ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് ബിൽ രാജ്യസഭയിലും കൊണ്ടുവന്നത്.










