തിരുവനന്തപുരം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അടിയന്തരാവസ്ഥാ കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്ക് കീഴില്‍ ചതഞ്ഞരതെന്ന് സ്വരാജ് ഓര്‍മിപ്പിച്ചു. ജനാധിപത്യം പ്രസംഗിക്കാനുള്ള വിഷയമാണെന്നും പ്രയോഗിക്കാനുള്ളത് മറ്റൊന്നാണെന്നും കോണ്‍ഗ്രസ് തെളിയിച്ച നാളുകളായിരുന്നു അതെന്നും സ്വരാജ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിന്റേതെന്ന യാഥാര്‍ത്ഥ്യം പലരും സൗകര്യപൂര്‍വ്വം മറക്കുന്നുണ്ടെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.’അടിയന്തരാവസ്ഥയ്ക്ക് ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റ് പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു. മൂന്നു പതിറ്റാണ്ടായി അവിടെ കഴിയുന്ന മനുഷ്യരാണ് ഒരു രാത്രിയില്‍ അഭയാര്‍ത്ഥികളായി മാറിയത്. ന്യായീകരണ പ്രബന്ധങ്ങളുമായി കനഗോലുവിന്റെ കൂലിപ്പടയാളികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അച്ചാരം പറ്റിയ ഒറ്റുകാര്‍ ആദ്യം ചിദംബംരത്തിന് ക്ലാസെടുക്കുന്നതാണ് നല്ലത്’, സ്വരാജ് കുറിച്ചു.അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്ന് പറയുന്നവരുണ്ടെന്നും ഏറ്റവും വലിയ അനധികൃത കയ്യേറ്റക്കാരനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി എന്ന് ഓര്‍ക്കണമെന്നും സ്വരാജ് പറഞ്ഞു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി സ്വന്തം ഭാര്യയുടെ പേരില്‍ കയ്യേറി അവകാശം സ്ഥാപിക്കുകയും പിടിക്കപ്പെടുകയും ചെയ്ത കയ്യേറ്റക്കാരനായ പ്രതിയാണ് കര്‍ണാടക മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ‘സംഘപരിവാര്‍ ഭീകരതയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ കോണ്‍ഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുകയും വാദിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ എന്താണ് കോണ്‍ഗ്രസെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പതിറ്റാണ്ടുകളായി താമസിക്കുന്ന കൂരകളില്‍ നിന്നും അസ്ഥികള്‍ മരവിക്കുന്ന തണുപ്പിലേയ്ക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോള്‍ മുഴങ്ങുന്നുണ്ട്. ഈ കൊടും തണുപ്പില്‍ ഞങ്ങളെ പുറത്തു നിര്‍ത്തിയിരിക്കുന്നത് എന്തിനാണ്?’ സ്വരാജ് പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെയാണ് നോര്‍ത്ത് ബെംഗളൂരുവിലെ യെലഹങ്കയില്‍ സ്ഥിതി ചെയ്യുന്ന കൊഗിലു ഗ്രാമത്തില്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ബുള്‍ഡോസര്‍ ഉപയോഗിച്ച് 400ഓളം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തത്. 150 പൊലീസുകാരെ വിന്യസിച്ചാണ് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇല്ലാതാക്കിയത്. ഉര്‍ദു സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ ചെറിയ കുളത്തോട് ചേര്‍ന്നുള്ള ഭൂമി താമസക്കാര്‍ കയ്യേറിയെന്നാണ് ജിബിഎ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. എന്നാല്‍ 25 വര്‍ഷമായി അവിടെ താമസിക്കുന്നവരാണ് തങ്ങളെന്നാണ് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ പറയുന്നത്. നടപടി വിവാദമായതിനെ തുടര്‍ന്ന് കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ യു നിസാര്‍ അഹമ്മദ് പ്രദേശം സന്ദര്‍ശിക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുമുണ്ട്.









