ന്യൂഡൽഹി: പാക്ക് ചെയ്ത ഭക്ഷണത്തിന്റെ പുറത്ത് ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ നൽകുന്ന ലേബൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങളിൽ നിർബന്ധമാക്കാൻ കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നൽകി സുപ്രീം കോടതി. പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് ജെ.ബി പരാഡിവാല, ജസ്റ്റിസ് ആർ മഹാദേവ് അടങ്ങുന്ന ബഞ്ചിന്റെ പരാമർശം. 2020-ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന് സുപ്രീം കോടതി മൂന്ന് മാസത്തെ കാലാവധി നൽകിയത്. ”നിങ്ങൾക്കും പേരക്കുട്ടികളില്ലേ? ഹർജിയിൽ ഉത്തരവ് വന്നാൽ കുർകുറെയിലും മാഗ്ഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങൾക്ക് വ്യക്തമാകും. നിലവിൽ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളിൽ അടയാളപ്പെടുത്താറില്ല’, വാദം കേൾക്കവേ ജസ്റ്റിസ് പരാഡിവാല വിമർശിച്ചു. എന്നാൽ അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച് 2024 ജൂണിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ചില നിർദ്ദേശങ്ങൾ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിർദ്ദേശമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അംഗീകരിച്ചതായി കോടതിയെ അറിയിച്ചത്.അഭിഭാഷകനായ രാജീവ് എസ് ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. എന്നാൽ വിവരങ്ങളിൽ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങൾ പൊതുജനത്തിൽ നിന്ന് ലഭിച്ചതായി കേന്ദ്രം അറിയിച്ചു. മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ മൂന്ന് മാസം കാലാവധി നൽകി പൊതുതാത്പര്യ ഹർജി കോടതി തീർപ്പാക്കി.