അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ശ്രീനിവാസന്റെ സിനിമകളെ എല്ലാ ദിവസവും ഒരിക്കലെങ്കിലും ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പോലും താൻ ശ്രീനിവാസന്റെ ‘സന്ദേശം’ എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ പറഞ്ഞിരുന്നു. എറണാകുളത്ത് മടങ്ങി എത്തുമ്പോൾ ശ്രീനിവാസനെ നേരിൽ കാണണമെന്ന് കരുതിയതാണെങ്കിലും അതിന് കാത്തു നിൽക്കാതെ ശ്രീനിയേട്ടൻ പോയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ‘വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയിൽ പകർത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.’ -പ്രതിപക്ഷ നേതാവ് പറഞ്ഞു.’പ്രിയദർശൻ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസൻ പതിവ് ശൈലിയിൽ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസൻ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങൾ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേൽ മലയാളി പൊതുസമൂഹത്തോട് ചേർന്ന് നിൽക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കൽപ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവർത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകൾ ആകുന്നതും അങ്ങനെയാണ്.’ -വി.ഡി. സതീശൻ തുടർന്നു.’അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസൻ. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങൾ ഹൃദയസ്പർശിയായി ശ്രീനിവാസൻ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതിൽ നഗ്നമായ ജീവിത യാഥാർഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചിൽ തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമർശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നൽകിയത്.”ശ്രീനിവാസൻ എഴുതിയതും പറഞ്ഞതും തിരശീലയിൽ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓർക്കാത്ത മലയാളി ഉണ്ടാകില്ല. അതിൽ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ഞാനും ശ്രീനിവാസനെ ഓർത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങൾ ഓർത്തെടുത്തു. ശ്രീനിവാസൻ എന്ന പ്രതിഭയ്ക്ക് ബിഗ് സല്യൂട്ട് നൽകി. എറണാകുളത്ത് മടങ്ങി എത്തുമ്പോൾ ശ്രീനിവാസനെ നേരിൽ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നിൽക്കാതെ ശ്രീനിയേട്ടൻ പോയി. മലയാള സിനിമയിൽ ഞാൻ കണ്ട അതുല്യ പ്രതിഭയ്ക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്നേഹിക്ക്, പ്രിയ സുഹൃത്തിന് വിട.’ -പ്രതിപക്ഷ നേതാവ് പറഞ്ഞു.











