പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രീപ്പ് ചെയർമാനുമായ എം എ യൂസഫ് അലി, തന്‍റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ ശവമഞ്ചം ചുമക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്‍ അബുദാബിയില്‍ വച്ചാണ് മരിച്ചത്. ഷിഹാബുദ്ധീന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത എം എ യൂസഫ് അലി, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ ശവമഞ്ചം പിടിക്കുന്നതും വീഡിയോയില്‍ കാണാം. എം എ യൂസഫ് അലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ച് കൊണ്ട് കുറിപ്പുകളെഴുതിയത്. ‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്… അതാണ് മനുഷ്യത്വം.’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.