അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ (400,000 ദിര്‍ഹം) നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്‍റെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. ആദ്യം 200,000 ദിര്‍ഹം ദിയാധനമായി നല്‍കിയ കേസില്‍ പിന്നീട് അധിക നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പരാതിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇതോടെ ആകെ 400,000 ദിര്‍ഹമാണ് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് ലഭിക്കുക.2023 ജൂലൈ ആറിനുണ്ടായ വാഹനാപകടത്തിലാണ് മുസ്തഫ മരിച്ചത്. അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ബസില്‍ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അശ്രദ്ധമായ ഡ്രൈവിങ് മൂലമാണ് വാഹനാപകടം ഉണ്ടായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഫാല്‍ക്കൺ ഐ ക്യാമറ ദൃശ്യങ്ങളും നിരീക്ഷിച്ചിരുന്നു.അശ്രദ്ധമായി വാഹനമോടിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തിയതോടെ അബുദാബി ക്രിമിനല്‍ കോടതി മുസ്തഫയുടെ കുടുംബത്തിന് 200,000 ദിര്‍ഹം ദിയാധനമായി നല്‍കാൻ ഉത്തരവിട്ടു. ഈ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കേസ് നടത്തുന്ന യാബ് ലീഗൽ സർവീസസിന്‍റെ സിഇഒ സലാം പാപ്പിനിശ്ശേരി കുടുംബത്തിന് വേണ്ടി ഇൻഷുറൻസ് അതോറിറ്റിയിൽ പ്രത്യേക നഷ്ടപരിഹാര അപേക്ഷ സമർപ്പിച്ചു. നിയമപരമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉൾപ്പെടെ പ്രധാന രേഖകൾ സമർപ്പിച്ച ശേഷമുള്ള നിയമനടപടികൾക്കൊടുവിൽ ഇൻഷുറൻസ് കമ്പനി അധികമായി 200,000 ദിർഹം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതനുസരിച്ച് ആകെ നഷ്ടപരിഹാരത്തുക 400,000 ദിർഹമായി (ഏകദേശം 9.55 ദശലക്ഷം രൂപ) ഉയർത്തി. മുസ്തഫയുടെ അമ്മ, ഭാര്യ, മകൻ, മകൾ എന്നിവർക്കായിരിക്കും ഈ നഷ്ടപരിഹാരത്തുക ലഭിക്കുക.മകൾ ഹാജറയുടെ വിവാഹം സെപ്തംബർ 11ന് നിശ്ചയിച്ചിരിക്കെയാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന വാർത്ത കുടുംബത്തിന് ലഭിച്ചതെന്ന് മുസ്തഫയുടെ ഭാര്യ ഹാജറ ഗൾഫ് ന്യൂസിനോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, മകളുടെ വിവാഹനിശ്ചയത്തിന്‍റെ അന്ന് രാത്രിയാണ് തങ്ങൾ ഇക്കാര്യം അറിയുന്നത്. തന്‍റെ പ്രാർത്ഥനകൾക്ക് ഫലം ലഭിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും ഹാജറ പറഞ്ഞു. അബുദാബിയിൽ ഒരു അറബ് കുടുംബത്തിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന മുസ്തഫ, മരണപ്പെടുമ്പോള്‍ 49 വയസ്സായിരുന്നു. കേസ് നടത്തിയ ലീഗല്‍ കൺസൾട്ടന്‍സിക്കും യുഎഇയിലെ നീതിന്യായ സംവിധാനത്തിനും ഹാജറ നന്ദി പറഞ്ഞു.