റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കൽ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. സൗദി പൗരനായ റയാൻ ബിൻ ഹുസൈൻ ബിൻ സാദ് അൽ-ഷഹ്റാനി, യെമൻ പൗരനായ അബ്ദുള്ള അഹമ്മദ് ബസദ് എന്നിവർക്കാണ് ശനിയാഴ്ച ശിക്ഷ നടപ്പാക്കിയത്. റിയാദ് മേഖല ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. 20 വർഷമായി റിയാദ് അസീസിയ എക്സിറ്റ് 22- ലെ ഒരു ഗ്രോസറിയിൽ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കവർച്ചാ ശ്രമത്തിനിടെയാണ് കടയിൽ തനിച്ചായിരുന്ന സിദ്ദിഖിനെ ഇവർ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സിദ്ദിഖിനെ റെഡ് ക്രസന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടുപേർ കടയിൽ കയറി തലയിലും കൈകാലുകളിലും വെട്ടിപരിക്കേൽപ്പിച്ച് വാഹനത്തിൽ കയറിപോയതായി സിദ്ദിഖ് മരണത്തിന് മുൻപ് പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് കടയ്ക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദൃശ്യത്തിൽ പതിഞ്ഞ കാറിന്റെ നമ്പറിൽനിന്ന് വാഹന ഉടമയെ കണ്ടെത്തുകയായിരുന്നു. ഇതാണ് പ്രതികളിലേക്ക് എത്തിച്ചത്.