കുന്നംകുളം:ചരിത്രത്തിൽ ആദ്യമായി കുന്നംകുളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.നഗരസഭ ടൗൺ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
17 ഏരിയകളിൽ നിന്നും സ്പെഷൽ യൂണിറ്റുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 392 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ 434 പ്രതിനിധികൾ പങ്കെടുക്കും. ഫെ.11 ന് വൈകിട്ട് അഞ്ചിന് ചെറുവത്തൂർ ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ റെഡ് വളണ്ടിയർ പരേഡും ബഹുജന റാലിക്കും ശേഷം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഉയർത്തുവാനുള്ള പതാക ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവിയർ ചിറ്റലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നിന്നും കൊടിമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ നിന്നും ദീപശിഖ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നും അത്‌ലറ്റുകളുടെയും വളണ്ടിയർമാരുടെയും അകമ്പടിയോടെ എത്തിയ മൂന്നു ജാഥകളും വൈകിട്ട് അഞ്ചിന് കുന്നംകുളം ബസ്റ്റാൻഡ് പരിസരത്ത് സംഗമിച്ച് പൊതുസമ്മേളന വേദിയായ ചെറുവത്തൂർ മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ പ്രവേശിച്ചു. സമ്മേളന നഗരിയിൽ ദീപശിഖ മുരളി പെരുനെല്ലി എം.എൽ.എയും പതാക പി. കെ ഡേവീസും കൊടിമരം കെ. കെ രാമചന്ദ്രനും ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ എ. സി
മൊയ്തീൻ എം.എൽ.എ പൊതുസമ്മേളന നഗരിയിൽ ചെങ്കൊടി ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.