ഫെബ്രുവരി 6 ന് തന്റെ 36-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച റയലിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരം മാഴ്‌സലോയ്ക്ക് വൈകാരിക ആശംസയുമായി ദീർഘ കാലം സഹ താരമായിരുന്ന ക്രിസ്റ്റാനോ റൊണാൾഡോ. വർഷങ്ങളോളം പങ്കിട്ട നേട്ടങ്ങൾക്കും കിരീടങ്ങൾക്കും നിമിഷങ്ങൾക്കും നന്ദി പറഞ്ഞ റൊണാൾഡോ ഒരു ടീം മേറ്റ് എന്നതിനപ്പുറം മാഴ്‌സലോ ജീവിതത്തിലെ എല്ലാ കാലത്തെയും മികച്ച കൂട്ടുകാരനായിരുന്നുവെന്നും കുറിച്ചു. ജീവിതത്തിന്റെ പുതിയ ഇടത്തിലേക്ക് കടക്കുന്ന താരത്തിന് ആശസകളും റൊണാൾഡോ നേർന്നു.റയൽ മാഡ്രിഡിൽ ഏകദേശം 16 സീസണുകൾ ചിലവഴിച്ച മാഴ്‌സലോ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായി തന്റെ പദവി ഉറപ്പിച്ചാണ് മടങ്ങുന്നത്. ക്ലബ്ബിന്റെ വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, അഞ്ച് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടി. ഇടതുവശത്ത് റൊണാൾഡോയുമായുള്ള കോംബോ ലിങ്ക് ലോക ഫുട്ബോളിലെ ഏറ്റവും ഭയാനകമായ കോമ്പിനേഷനുകളിൽ ഒന്നായിരുന്നു. ഇത് റൊണാൾഡോയുടെ റെക്കോർഡ് ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്ക് കാരണമായി. റയൽ മാഡ്രിഡിന്റെ 2022 ചാംപ്യൻസ് ലീഗ് വിജയത്തിനുശേഷം, മാർസെലോ ഒളിമ്പിയാക്കോസിലേക്ക് മാറി. തുടർന്ന് തന്റെ ബാല്യകാല ക്ലബ്ബായ ഫ്ലൂമിനൻസിലേക്ക് മടങ്ങി. അവിടെനിന്നാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനം.