ഐഎസ്എൽ മത്സരക്രമം പുറത്ത്. ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്.ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് മുംബൈയ്ക്കെതിരെ നടക്കും. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ , കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ എഫ് സി ഗോവ, ഇന്റർ കാശിയെയും നേരിടും.അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവിൽ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകൾക്കിടെ ടീമിന് കരുത്ത് പകരാൻ ഇപ്പോഴിതാ ജർമൻ താരത്തെ എത്തിച്ചിരിക്കുകയാണ്.ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയാണ് ടീമിലേക്ക് എത്തുന്നത്. അറ്റാക്കിങ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും.











