സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിച്ച ഡിവിഷൻ ബഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് മോചന ഹർജിയിൽ വിധി പറയുന്നത് റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.