മൈക്രോസോഫ്റ്റിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കൂട്ടപ്പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികളാണ് ഇപ്പോൾ കമ്പനി നടപ്പിലാക്കുന്നത്. നടപടിയുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങി. ജോലിയിൽ ഏറ്റവും കുറഞ്ഞ പ്രകടന നിലവാരവും പ്രതീക്ഷകളും നിറവേറ്റാത്തതിനാലാണ് പിരിച്ചുവിടുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കത്ത് ലഭിച്ചവരെല്ലാം ഉടൻതന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെടും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഏത് നിമിഷവും മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകൾ, അക്കൗണ്ടുകൾ, കെട്ടിടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കത്ത് ലഭിച്ചവർക്ക് നഷ്ടമാകും.കമ്പനിയുടെ കാർഡുകൾ, മൈക്രോസോഫ്റ്റ് ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ ഉൾപ്പെടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും തിരികെ നൽകണമെന്നും ജീവനക്കരോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചവർ പിരിഞ്ഞു പോകുമ്പോൾ യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുകയില്ലയെന്ന് കമ്പനി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.











