യാത്രക്കാരിൽ നിന്ന് അമിതമായി പണം ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ്. മീറ്റർ ഇല്ലാതെ ഓടിയാൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന ഉത്തരവ് വരും ദിവസങ്ങളിൽ ഇറക്കാൻ എം വി ഡി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.മീറ്റർ ഇടാതെ ഓടിയാൽ പണം നൽകേണ്ട എന്ന പോസ്റ്റർ ഓട്ടോയിൽ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങിയേക്കും. അതേസമയം, സ്റ്റിക്കർ ഒട്ടിക്കാൻ ഓട്ടോ തൊഴിലാളികളോ സംഘടനകളോ തയ്യാറാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.പല ഓട്ടോ ഡ്രൈവർമാരും മീറ്റർ ഇടാതെയാണ് വണ്ടിയോടിക്കുന്നത്. യാത്രക്കാർ ആവശ്യപ്പെട്ടാൽ തിരിച്ച് ദേഷ്യപ്പെടുന്നവരുമുണ്ട്. തുടർന്ന് ഇരട്ടിപൈസ വരെ ഈടാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമെന്നാണ് വിവരം