ചങ്ങരംകുളം :തിരുവനന്തപുരം കുളത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടന്ന 45 -ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ 205 പോയിന്റുകളോടെ ഓവറോൾ കിരീടം സ്വന്തമാക്കി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ കോക്കൂർ ജേതാക്കളായി. 39 ടെക്നിക്കൽ ഹൈസ്കൂളുകളും 8 – IHRD ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളും പങ്കെടുത്ത മത്സരത്തിലാണ് കോക്കൂർ ടെക്‌നിക്കൽ ഹൈസ്കൂൾ മിന്നും പ്രകടനം കാഴ്ച വെച്ച് ഒന്നാമതായത്. വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തമായ ആധിപത്യം നിലനിർത്തികൊണ്ടാണ് വിജയം നേടിയെടുത്തത്.പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കലോത്സവത്തിലെ ചാമ്പ്യന്മാർക്കുള്ള കിരീടം കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണമടഞ്ഞ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസ് അഹമ്മദിന് സമർപ്പിക്കുന്നതായി സൂപ്രണ്ട് ജിബു കെ ഡി പറഞ്ഞു. തങ്ങളുടെ സഹപാഠി മരണപ്പെട്ട വിവരം അറിഞ്ഞ് വളരെയധികം മാനസിക സമ്മർദ്ദത്തിനിടയിലും വിദ്യാർത്ഥികൾ പൊരുതി നേടിയ വിജയമാണിത്.