എടപ്പാൾ | കേന്ദ്ര അസൂത്രണകമ്മീഷന്റെ ശുപാർശ പ്രകാരം പാർലമെന്റിന്റ പൂർണ അംഗീകാരത്തോടെ 1952ൽ സ്ഥാപിതമായ ദേശീയ സന്നദ്ധ സംഘടനയായ ഭാരത് സേവക് സമാജിന്റെ(BSS ) നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ദേശീയ അവാർഡ് മലപ്പുറം ജില്ലയിലെ എടപ്പാൾ അണ്ണക്കമ്പാട് സ്വദേശിനി കലാമണ്ഡലം നയന നാരായണന്.. ഭാരത് സേവക് അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അതിന്റെ അഖിലേന്ത്യ ചെയർമാൻ ബി. എസ് ബാലചന്ദ്രനിൽ നിന്ന് നയന നാരായണൻ ഏറ്റുവാങ്ങി..
കേരള കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ ഡിഗ്രി ലഭിച്ച നയന ആന്ധ്രയിലെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ ഈ വർഷത്തെ വജ്ര ജൂബിലി ഫെല്ലോഷിപ് നയനക്ക് ലഭിച്ചിരുന്നു. എടപ്പാൾ വള്ളത്തോൾ വിദ്യാ പീഠത്തിലെ നൃത്ത അധ്യാപികയാണ്. എടപ്പാളിൽ ക്ഷേത്ര സ്പേസ് ഫോർ ആർട്സ് എന്ന സ്ഥാപനം നടത്തി വരുന്നു. അണ്ണക്കംപാട്ട് പാറപ്പുറത്ത് നാരായണന്റെയും അംഗനവാടി അധ്യാപിക ശ്രീജ നാരായണന്റെയും മകളാണ് നയന.