ചെന്നൈ: കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തിൽ വീണ ഐഫോണ്‍ ലേലത്തിലൂടെ 10000 രൂപയ്ക്ക് ഉടമ സ്വന്തമാക്കി. തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തിലാണ് കാണിക്കയിടുന്നതിനിടെ ദിനേശ് എന്ന ഭക്തന്റെ ഐഫോൺ ഹുണ്ടികയില്‍ വീണത്. ഫോണിന്റെ ഉടമ ദിനേശ് ബുധനാഴ്ച എത്തിയപ്പോള്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമപ്രകാരം ലേലത്തിലൂടെമാത്രമേ ഐഫോണ്‍ കൈമാറാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോൺ ലേലത്തിന് വച്ചതോടെ 10,000 രൂപ നല്‍കി ദിനേശ് തന്റെ ഐഫോണ്‍ വീണ്ടും സ്വന്തമാക്കുകയായിരുന്നു. ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ദിനേശിന് ഫോണ്‍ ലഭിച്ചത്.ക്ഷേത്രഭണ്ഡാരത്തിൽ എത്തുന്ന എന്തും ദേവൻ്റെ സ്വത്തായി കണക്കാക്കപ്പെടുമെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ ഐഫോൺ തിരികെ നൽകാൻ ക്ഷേത്ര അധികൃതർ വിസമ്മതിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് സംഭവം. കുടുംബത്തോടൊപ്പം പ്രാർഥനയ്‌ക്കായി ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു. ഫോൺ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ ഡിസംബർ 19ന് ഭണ്ഡാരം എണ്ണാനായി തുറക്കുമ്പോൾ തിരികെയെത്താനാണ് ആവശ്യപ്പെട്ടത്. ഫോൺ കണ്ടെത്തിയെങ്കിലും തിരികെ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.