തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ പദ്ധതി പ്രഖ്യാപനമാണ് ഉണ്ടായത്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതോടെ ഒന്നു മുതൽ ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.






