തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതികളുടെ ഭാഗമായ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി ആദ്യ വാരത്തോടെ അർഹരായവർക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിലാണ് പ്രഖ്യാപനം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബഡ്‌ജറ്റിൽ ഉറപ്പ് നൽകിയതനുസരിച്ചാണ് പ്രഖ്യാപനം.
കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നാനൂറ്റിപ്പത്ത് വീടുകൾ ഉൾപ്പെടുന്ന ടൗൺഷിപ് നിർമ്മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡ്, ഡ്രെയിനേജ്, പൊതുജനാരോഗ്യകേന്ദ്രം, മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ,ഓപ്പൺ തിയറ്റർ, മലിനജല സംസ്‌കരണ പ്ലാന്റ്, കളിസ്ഥലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ടൗൺഷിപ്. മരണപ്പെട്ടവരുടെ ആശ്രിതർക്കും ദുരന്തബാധിതർക്കും പ്രതിമാസസഹായവും ചികിത്സാസഹായവും നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.







