നിക്ഷേപം മടക്കിനൽകാത്തതിന്റെ പേരിൽ പഴികേൾക്കുന്ന നാട്ടിൽ മാതൃകയാകുകയാണ് കരുവാറ്റ 2,145-ാം നമ്പർ സഹകരണസംഘം. നാലുവർഷം മുൻപ് സംഘത്തിൽനിന്ന് 4.932 കിലോ പണയഉരുപ്പടിയും 4,43,743 രൂപയും മോഷണംപോയിരുന്നു. കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. 3.570 കിലോഗ്രാം സ്വർണം വീണ്ടെടുത്തു. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ, ഈ സംഘം പണയക്കാരുടെ ഇടപാടുകളെല്ലാം തീർപ്പാക്കി.
നാനൂറിലധികം പേരാണ് പണയംവെച്ചിരുന്നത്. 2020-ൽ കൊള്ള നടന്നകാലത്ത് സംഘത്തിലെ ആകെ നിക്ഷേപം 4.85 കോടി രൂപയായിരുന്നു. ആയിരത്തോളം അംഗങ്ങളിൽ ഒരാൾപോലും നിക്ഷേപം പിൻവലിച്ചില്ല. സ്വർണം നഷ്ടപ്പെട്ടതിനാൽ കേസു തീർന്നതിനുശേഷം പണയ ഇടപാട് തീർത്താൽ മതിയായിരുന്നു. എന്നാൽ, ഇടപാടുകാരുടെയും സംഘത്തിന്റെയും പ്രശ്നങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി അനുകൂലവിധി നേടി. തുടർന്ന ഹരിപ്പാട് കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലായ 3.57 കിലോ സ്വർണം ബാങ്കിനു തിരിച്ചുകിട്ടി. കോൺഗ്രസ് നിയന്ത്രണത്തിലാണ് സംഘം.
ബാങ്ക് ലോക്കർ 2.5 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തിരുന്നു. നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം പരിഗണിക്കുമ്പോൾ 58 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. എന്നാൽ, ഇതു സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്.