കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവുശിക്ഷയെങ്കിൽ സ്റ്റേ നൽകാമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേ.
ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്. പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 10 പ്രതികൾക്ക് രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.