എടപ്പാൾ:ഗ്രാമപഞ്ചായത്തിലെ അയിലക്കാട് തേരേറ്റ് കോൾ പടവിലെ ബണ്ടിൽ വിള്ളൽ കണ്ടെത്തി. 25 മീറ്ററോളം ദൂരമാണ് ബണ്ടിൽ വിള്ളൽ കണ്ടെത്തിയിട്ടുള്ളത്.തേരേറ്റ് കോൾ മേഖലയിൽ കൃഷി ഇറക്കാനുള്ള അവസാന വട്ട പ്രവർത്തികൾ പുരോഗമിക്കുന്നതിനിടയിൽ
അപകടകരമായ രീതിയിൽ ബണ്ട് വിണ്ട് കീറിയത് കർഷകരെ ആശങ്കാകുലരാക്കി. 25 മീറ്ററോളം നേരെയും ബണ്ടിന് കുറുകെ രണ്ടിടത്തുമാണ് വിള്ളലുണ്ടായിട്ടുള്ളത്.ബണ്ട് അപകടാവസ്ഥയിലാണെന്ന് സ്ഥലം സന്ദർശിച്ച അധികൃതർ സ്ഥിരീകരിച്ചു. തവനൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.വി.വിജീഷ്,എടപ്പാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ, വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, എടപ്പാൾ കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ,കെ.എൽ.ഡി.സി അസിസ്റ്റൻ്റ് എഞ്ചീനീയർ ബാബു,പാടശേഖര സമിതി ഭാരവാഹികളായ അലി, ഹൈദരാലി,ജയാനന്ദൻ എന്നിവർ ബണ്ട് സന്ദർശിച്ചു.ബണ്ടിൻ്റെ സ്ഥിതി കൂടുതൽ അപകടാവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള നടപടികൾ ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.










