കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, RC റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകൾ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി.
വാഹനം തന്റെ പേരിലാണ് എന്നാൽ അപകടത്തിൽ തനിക്ക് പങ്കില്ല. കേസ് കോടതിയ്ക്ക് മുൻപാകെയാണ്
ഉള്ളത്. ഈ സാഹചര്യത്തിൽ RC റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത് നിയമ വിരുദ്ധമാകുമെന്നും മറുപടിയിൽ പറയുന്നു. ജഡ്ജിയുടെ മറുപടിയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനം എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, വാഹനാപകടക്കേസിൽ 17കാരന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നൽകിയിരുന്നു.
ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ (55) മരിച്ചത്. സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി.
പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ് സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയത്. ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി









