ഇംഫാൽ:* മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചു. 200 ഓളം പേരെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്.
സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രികൾ സന്ദർശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവരെ ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







