റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം സംബന്ധിച്ച വിധി പറയുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ് 18 വർഷങ്ങളായി ജയിലിൽ കഴിയുകയാണ് റഹീം. ജയിൽ മോചനത്തിനുള്ള നിർണ്ണായക ഉത്തരവ് ഞായറാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ മാസം നവംബർ 17 ന് കോടതി കേസ് പരിഗണിക്കുകയും ഈ മാസത്തേക്ക് മാറ്റിവയ്ക്കുകയുമായിരുന്നു. അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ ശുഭവാർത്തയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനം കോടതി വഴി നൽകിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ്സുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുൾ റഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. ദിയാധനമായ 36 കോടിയോളം രൂപ മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.