കേരളത്തിലെ പുതുതലമുറ ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ഹനാൻ ഷാ. സൂപ്പർ ഹിറ്റ് കവർ സോങ്ങുകൾ, സിനിമാഗാനങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഹനാൻ ഷാ, സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഹനാന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം വിശേഷങ്ങൾ വ്‌ളോഗുകളിലൂടെ പങ്കുവയ്ക്കുന്ന ഹനാൻ ഏറ്റവും ഒടുവിൽ പങ്കുവെച്ച വിശേഷം വാഹനപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്.
ഹനാൻ ഷായുടെ ഗ്യാരേജിലേക്ക് എത്തിയ പുതിയ വാഹനമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്നത്. ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ ലാൻഡ് ക്രൂയിസർ എൽ.സി.300 ആണ് ഹനാന്റെ വാഹന ശേഖരത്തിലേക്ക് എത്തിയിട്ടുള്ള പുതിയ വാഹനം. ലാൻഡ് ക്രൂയിസർ ZX, GR-S എന്നീ രണ്ട് പതിപ്പുകളിലാണ് ഈ വാഹനം ഇന്ത്യയിൽ എത്തുന്നത്. ഇതിൽ ZX പതിപ്പാണ് ഹനാൻ സ്വന്തമാക്കിയിരിക്കുന്നത്. 2.18 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
സെഗ്മെന്റ്, വില എന്നിവയുടെ അടിസ്ഥാനത്തിൽ ലാൻഡ് ക്രൂയിസർ 300-ന് ഇന്ത്യയിൽ എതിരാളികൾ ഇല്ലെന്ന് പറയാമെങ്കിലും സീറ്റിങ് ഓപ്ഷനുകളുടെയും വിലയുടെയും അടിസ്ഥാനത്തിൽ ലാൻഡ് റോവർ ഡിഫൻഡർ 110, മെഴ്സിഡീസ് എ.എം.ജി. ജി 63 എന്നീ മോഡലുകൾക്ക് ലാൻഡ് ക്രൂയിസർ 300 എതിരാളിയാകും. ക്രോമിയം ഫിനിഷിങ്ങിലുള്ള ഗ്രില്ല്, ബൈ-എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്ലാമ്പ്, പ്രൊജക്ഷൻ ഫോഗ് ലാമ്പ്, എൽ.ഇ.ഡി. ടെയ്ൽലാമ്പ്, 20 ഇഞ്ച് മെഷീൻ കട്ട് അലോയി വീൽ എന്നിങ്ങനെയാണ് അലങ്കാരങ്ങൾ.
12.3 ഇഞ്ച് വലുപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, എട്ട് രീതിയിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാകുന്ന ഡ്രൈവർ സീറ്റ്, ആംറെസ്റ്റിൽ നൽകിയിട്ടുള്ള കൂൾഡ് സ്റ്റോറേജ്, 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാർ സാങ്കേതികവിദ്യകൾ, ഫോർ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ ആവരണം നൽകിയിട്ടുള്ള ഗിയർ നോബ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ലാൻഡ് ക്രൂയിസറിന്റെ മറ്റൊരു സവിശേഷത. 10 എയർബാഗ്, അടിസ്ഥാന ഫീച്ചറായി സ്ഥാനമുറപ്പിച്ച ലെവൽ-2 അഡാസ്, അഡാപ്റ്റീവ് ഹെഡ്ലാമ്പ്, ലെയ്ൻകീപ്പ് അസിസ്റ്റൻസ്, ഓട്ടോണമസ് ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഈ വാഹനങ്ങളിൽ നൽകിയിട്ടുള്ളത്. ജി.ആർ-എസിൽ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, മുന്നിലും പിന്നിലും ഡിഫറൻഷ്യൽ ലോക്കുകൾ, ക്രൗൾ കൺട്രോൾ, ടെറൈൻ മോഡുകൾ, നാല് ഓഫ് റോഡ് മോണിറ്ററിങ് ക്യാമറ എന്നിവയുമുണ്ട്.
മുൻ മോഡലുകളിൽ കരുത്തേകിയിരുന്ന 3.3 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 6 ഡീസൽ എൻജിനാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ എൽ.സി.300-ന്റെ രണ്ട് വേരിയന്റുകളിലും നൽകിയിട്ടുള്ളത്. ഇത് 309 ബി.എച്ച്.പി. പവറും 700 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം അടിസ്ഥാന ഫീച്ചറായി നൽകിയിട്ടുള്ള ഈ വാഹനത്തിൽ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്.








