കോഴിക്കോട്: രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉയർത്തിയ ആരോപണങ്ങളിൽ വിവാദം ശക്തമാകവേ ഷാഫി പറമ്പിൽ എംപിെ അനുകൂലിച്ച് കോഴിക്കോട് ഫ്ളക്സുകൾ. ഡിസിസി ഓഫീസിന് മുന്നിലടക്കം ഫ്ളക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇന്നുരാവിലെ ഫ്ളക്സുകൾ എടുത്തുമാറ്റി.
‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര. ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’- എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഒരുവർഷം മുൻപ് പേരാമ്പ്രയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഷാഫിയുടെ മൂക്കിന് പരിക്കേറ്റിരുന്നു. തുടർന്ന് മൂക്കിൽ നിന്ന് ചോരയൊലിക്കുകയും ചെയ്തു. അന്നത്തെ ചിത്രമാണ് ഫ്ളക്സിൽ ഉപയോഗിച്ചിരിക്കുന്നത്.കണ്ണൂരിലും ഷാഫി അനുകൂല ഫ്ളക്സുകൾ വ്യാപകമായി ഉയർന്നു. കുപ്രചരണങ്ങളാലും കുതന്ത്രങ്ങളാലും ജനകീയ മുഖത്തെ തകർക്കാനാവില്ലെന്നാണ് ഫ്ളക്സുകളിലുളളത്. പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെയായിരുന്നു ഷാഫിക്കെതിരെ ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പിലില്ല. എ ഗ്രൂപ്പ് എന്നുപറഞ്ഞ് മൂന്ന് പേരുടെ പേരാണ് പുറത്തുവന്നത്. കെ സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ തനിക്ക് കാണാൻ കഴിയൂ. അയാളെ ഒരിക്കലും എ ഗ്രൂപ്പായി അംഗീകരിക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.പോര് രൂക്ഷമായതോടെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായി. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി രാജ്മോഹൻ ഉണ്ണിത്താനെയും ഷാഫി പറമ്പിലിനെയും ഫോണിൽ വിളിച്ച് പരസ്യപ്രതികരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഇരുവരെയും വിളിച്ചു.









