തിരൂർ : കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്വർണക്കടത്ത് കേസുകളിൽ പിടിച്ചെടുത്ത സ്വർണം കുറഞ്ഞ നിരക്കിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശി അറക്കൽ മുഹമ്മദ് ഷിബിലി (30) യെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. തിരൂരിലെ ഒരു സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ട പ്രതി, കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി ആൾമാറാട്ടം നടത്തുകയായിരുന്നു. കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ നികുതി മാത്രം അടച്ചാൽ 12.5 പവൻ വീതമുള്ള സ്വർണാഭരണങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന പദ്ധതിയുണ്ടെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പദ്ധതിയിൽ ചേരുന്നതിനുള്ള നികുതിയെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ സമാനമായ കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നാണ് വിവരം. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മലമ്പുഴ ജയിലിലേക്ക് റിമാൻഡ് ചെയ്തു.തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനുഷ, അഭയ, നസീർ തിരൂർക്കാട്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനോജ്, സിവിൽ പോലീസ് ഓഫീസർ യാസിർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.







