തിരുവനന്തപുരം: ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്കി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. പാകിസ്താന് നിര്‍മ്മിത ഫെയ്സ് ക്രീമില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തല്‍. ഈ ക്രീമുകളുടെ വില്‍പ്പന നിരോധിക്കണമെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിനിടെ വൃക്ക രോഗത്തിന് കാരണമായ എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായി കാസർകോട്ടെ വിവിധ മേഖലകളിൽ പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്നും നിർദ്ദേശമുണ്ട്. പർച്ചേസ് ബില്ലുകൾ ഇല്ലാതെ വ്യാപാരികൾ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കാൻ പാടില്ല.
അതേസമയം, വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കണ്ടെത്താന്‍ ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകൾ പിടിച്ചെടുത്തു. മലപ്പുറം തിരൂരിൽ 80000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് പരിശോധനകൾ വ്യാപിപ്പിച്ചത്. എഫ് ട്യൂണ്‍ ഫെയ്സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്കാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇതിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പൂട്ടിയിരുന്നു. ക്രീമിന്റെ പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.









