തിരൂർ : ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ തിരൂർ പോലീസ് പിടികൂടി. കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് (26) ആണ് അറസ്റ്റിലായത്.
ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങി ബാഗിലാക്കി ട്രെയിൻ മാർഗമാണ് ഇയാൾ തിരൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിലെ മുൻവശത്തെ കവാടത്തിലൂടെ പുറത്തുപോകാതെ പിൻവശത്തെ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള വഴിയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ പാർക്കിങ് ഗ്രൗണ്ടിൽവെച്ചാണ് പോലീസ് പിടികൂടിയത്.
വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറുപായ്ക്കറ്റുകളിലാക്കി വിൽക്കാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ കഞ്ചാവ് ആവശ്യപ്പെട്ട വിദ്യാർഥികളുടെയും യുവാക്കളുടെയും വിവരങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ അനുഷ, മിഥുൻ, അഭയ, നസീർ, എസ്.സി.പി.ഒമാരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, സി.പി.ഒമാരായ ആഷിഷ്, ഉണ്ണിക്കുട്ടൻ, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡ് ചെയ്തു. ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.







