സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ. യൂണിറ്റിന് 16 പൈസയുടെ വർദ്ധനവാണ് വരുത്തിയത്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന രീതിയിലാണ് ഉത്തരവിറക്കിയിട്ടുള്ളത്. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർദ്ധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. വ്യാവസായിക മേഖലയിൽ ശരാശരി രണ്ട് ശതമാനത്തിന്റെ നിരക്ക് വർദ്ധനവും വരുത്തിയിട്ടുണ്ട്. വൈദ്യുതി ബോർഡ് 30 പൈസയുടെ വർദ്ധനവാണ് ആവശ്യപ്പെട്ടത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇത് തള്ളുകയായിരുന്നു. സമ്മർ താരിഫ്, ഫിക്‌സഡ് ചാർജ് എന്നിവ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആദ്യത്തെ 40 യൂണിറ്റ് വരെ നിരക്ക് വർദ്ധനവ് ബാധകമല്ല. തുടർന്ന് അതിന് മുകളിൽ വരുന്ന യൂണിറ്റുകൾക്കാണ് വിവിധ തലത്തിലുള്ള നിരക്ക് വർദ്ധന ബാധകമാവുക.
വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി
വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.









