ചങ്ങരംകുളം: ലഹരിവിമുക്ത സമൂഹ സൃഷ്ടിക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി “ലഹരിക്കെതിരെ കരുനീക്കാം” എന്ന സന്ദേശമുയർത്തി ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ടൂർണമെന്റ് പി.സി.ഡബ്ല്യു.എഫ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അരങ്ങേറിയത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലും സ്പോർട്സ് കൗൺസിൽ കൺവീനർ അഷ്റഫ് മച്ചിങ്ങലും ചേർന്ന് ചെസ് ബോർഡിൽ കരുക്കൾ നീക്കി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് ചെയർമാൻ പി. കോയക്കുട്ടി അധ്യക്ഷത വഹിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 മത്സരാർത്ഥികൾ മാറ്റുരച്ചു. വനിതകൾ ഉൾപ്പെടെയുള്ളവരുടെ സജീവ പങ്കാളിത്തം ടൂർണമെന്റിനെ ശ്രദ്ധേയമാക്കി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസീബ് കോക്കൂർ, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഫസീല ഷൗക്കത്ത്, പി.സി.ഡബ്ല്യു.എഫ് കേന്ദ്ര പ്രതിനിധികളായ ഇ. ഹൈദരലി, സി.വി. മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, ടി. മുനീറ, ആയിഷ ഹസ്സൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ ടി. കുഞ്ഞിമൊയ്തീൻ കുട്ടി, സുജീഷ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
വൈകീട്ട് 5 മണിക്ക് നടന്ന സമാപന ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് ഉപദേശക സമിതി അംഗം പി.ടി. അജയ് മോഹൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും ജി. സിദ്ധീഖ് നന്ദിയും പറഞ്ഞു.
2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെയാണ് പി.സി.ഡബ്ല്യു.എഫ് ഈ ത്രൈമാസ കാംപയിൻ ആചരിക്കുന്നത്.









