കക്കിടിപ്പുറം: SKJM നന്നംമുക്ക് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പതിനെട്ടാമത് ഇസ്‌ലാമിക് കലാ സാഹിത്യ മത്സരമായ മുസാബഖ–26-ൽ അൽ ഫലാഹ് A.M.M ഇംഗ്ലീഷ് സ്കൂളിന് കീഴിലുള്ള മദ്റസത്തുൽ ഫലാഹ് കക്കിടിപ്പുറം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിന്റെ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്ഥാപനം ഈ നേട്ടം കൈവരിച്ചത്. കിഡ്ഡീസ്, ജൂനിയർ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും സീനിയർ, സൂപ്പർ സീനിയർ, ജനറൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി.
വിദ്യാർത്ഥികളുടെ കഴിവും അധ്യാപകരുടെ ആത്മാർഥമായ പരിശീലനവും കൂട്ടായ പ്രവർത്തനവും സമന്വയിച്ചാണ് ഈ നേട്ടം കൈവരിക്കാനായത്. മത്സരത്തിൽ പങ്കെടുക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും അനുമതിയും സൗകര്യങ്ങളും പിന്തുണയും നൽകിയ മാനേജ്മെന്റ് ഭാരവാഹികൾക്ക് സ്കൂൾ സ്റ്റാഫ് നന്ദി രേഖപ്പെടുത്തി.
വിജയത്തിനായി പ്രവർത്തിച്ച ഉസ്താദുമാർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സദർ മുഅല്ലിം, അധ്യാപക–അനധ്യാപക ജീവനക്കാർ, മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ എന്നിവരെ മാനേജ്മെന്റ് അഭിനന്ദിച്ചു.
സ്ഥാപനത്തിന്റെ അക്കാദമികവും കലാ-സാഹിത്യപരവുമായ മികവിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും ഭാവിയിൽ കൂടുതൽ മികച്ച വിജയങ്ങൾ കൈവരിക്കുന്നതിന് ഇത് പ്രചോദനമാകുമെന്നും സ്കൂൾ അഡ്മിനിസ്ട്രേറ്ററും മുസാബഖ സമിതി കൺവീനറുമായ ഇബ്രാഹിം മാസ്റ്റർ അമയിൽ അറിയിച്ചു.









