പൊന്നാനി : വിവാദ ആരോപണത്തിന് പിന്നാലെ സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി സി വിഷ്ണുനാഥിന് യൂത്ത് കോൺഗ്രസ് പരാതി നൽകി.
തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ നിലവിലെ സെക്രട്ടറിയാണ് പി നന്ദകുമാർ. മലപ്പുറത്തെ അപമാനിച്ച വ്യക്തി തന്നെ സാംസ്കാരിക പരിപാടിയുടെ സംഘാടന ചുമതലയിൽ തുടരുന്നത് പൊതുസമൂഹത്തിന്റെ ആശങ്കയാണ്. നന്ദകുമാറിനെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
നേരത്തെ പൊന്നാനിയില്‍ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം’, എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പിന്നാലെ രൂക്ഷമായ വിമർശനമാണ് നന്ദകുമാറിനെതിരെ ഉയർന്നത്.
പി നന്ദകുമാറിന്റെ പരാമര്‍ശത്തെ തള്ളുന്ന നിലപാടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയും അടക്കം സ്വീകരിച്ചത്. നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഐഎം നിലപാട്.
സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും മലപ്പുറം ജില്ലയെ വര്‍ഗീയതയുടെ കൂടെന്ന് വിളിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നായിരുന്നു നന്ദകുമാര്‍ പ്രതികരിച്ചത്.









